ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇന്നത്തെ കറുകച്ചാല്‍ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം പഴയകാലത്ത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തെ തുടര്‍ന്ന് ഇവിടം തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി മാറി. പുരാതനമായ തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന “വെന്നിമല”യുടെ അധികാര പരിധിയില്‍പെട്ട പ്രദേശമായിരുന്നു കറുകച്ചാല്‍. അക്കാലത്ത് ഇവിടെ ഹൈന്ദവര്‍ മാത്രമായിരുന്നു തദ്ദേശ്ശവാസികള്‍. പില്‍ക്കാലത്ത് മറ്റു പ്രദേശങ്ങളില്‍ നിന്നും യോദ്ധാക്കളും, കച്ചവടക്കാരും, കൃഷിക്കാരായ സുറിയാനി ക്രിസ്ത്യാനികളും ഇവിടേക്ക് കുടിയേറി പാര്‍ത്തു. പോര്‍ട്ടുഗീസുകാര്‍ മുതലായ വിദേശികളും കച്ചവടാര്‍ത്ഥം ഇവിടവുമായി ബന്ധപ്പെടാനാരംഭിച്ചതോടെ ക്രമേണ കൃഷിയും, വ്യാപാരവും വികസിക്കുകയും ഇവിടെ ഒരു വാണിജ്യകേന്ദ്രം ഉയര്‍ന്നുവരികയും ചെയ്തു. തെക്കുംകൂര്‍ രാജാവ് ഭരണം നടത്തിയിരുന്ന പ്രദേശമായിരുന്നു കറുകച്ചാല്‍. തെക്കുംകൂര്‍ രാജാക്കന്‍മാരുടെ പടയോട്ടകാലത്ത് യുദ്ധം കഴിഞ്ഞ് പടയാളികള്‍ വാളുകള്‍ കഴുകിയിരുന്ന ചാല്‍ “വാളുകഴുകിച്ചാല്‍” എന്നറിയപ്പെട്ടു. കാലാന്തരത്തില്‍ ഈ സ്ഥലനാമപദം ശബ്ദഭേദം സംഭവിക്കുകയും, ആദ്യം “കഴുകിച്ചാല്‍” എന്നും, ഭാഷാ പ്രയോഗത്തില്‍ തുടര്‍ന്നും മാറ്റമുണ്ടായപ്പോള്‍ കറുകച്ചാല്‍ എന്നുമായി മാറുകയുണ്ടായി. സ്ഥലനാമത്തെ പറ്റി പ്രബലമായ മറ്റൊരു അഭിപ്രായവും പറയപ്പെടുന്നുണ്ട്. ഇപ്പോള്‍ ബസ്സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഭാഗത്തുണ്ടായിരുന്ന ചാല്‍ നിറയെ കറുക നിറഞ്ഞുവളര്‍ന്നിരുന്നുവെന്നും അതുകൊണ്ടാണ് ഈ പ്രദേശം കറുകച്ചാല്‍ എന്നറിയപ്പെട്ടതത്രെ. കാര്‍ഷികവൃത്തി മുഖ്യ ഉപജീവനമാര്‍ഗ്ഗമാക്കിയിരുന്ന ജനങ്ങളാണ് പണ്ടുമുതലേ ഈ പ്രദേശത്തുണ്ടായിരുന്നത്. കാലിവളര്‍ത്തലായിരുന്നു ഉപതൊഴില്‍. സാംസ്കാരിക രംഗത്ത് പല തലത്തിലും വളര്‍ച്ച കൈവരിച്ചിരുന്ന കോട്ടയവുമായുള്ള ഈ പ്രദേശത്തിന്റെ സാമീപ്യവും, ബന്ധവും, ക്രിസ്ത്യന്‍ മിഷനണറിമാരുടെ വരവോടു കൂടി ആധുനിക വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ചയും, കറുകച്ചാല്‍ ഗ്രാമത്തിന്റെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. അസമത്വത്തില്‍ കഴിഞ്ഞിരുന്ന പിന്നോക്ക വിഭാഗത്തില്‍ പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി സി.എം.എസ് മിഷണറിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഈ പ്രദേശത്ത് സാമൂഹ്യമായ അവരുടെ ഉയര്‍ച്ചയ്ക്ക് കളമൊരുക്കി. വിദ്യാഭ്യാസത്തിനും, ദൈവാരാധനയ്ക്കും സൌകര്യങ്ങളും സ്വാതന്ത്ര്യവും അവര്‍ക്ക് ലഭിച്ചു. ചങ്ങനാശ്ശേരി-വാഴൂര്‍ റോഡാണ് ഈ പഞ്ചായത്തിലെ പ്രധാന റോഡ്. കറുകച്ചാല്‍ ചന്തയാണ് പ്രധാന കാര്‍ഷിക വിപണനകേന്ദ്രം. കോട്ടയം-മണിമല-എരുമേലി, കോട്ടയം-മല്ലപ്പിള്ളി-റാന്നി-എരുമേലി എന്നീ പാതകള്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ശബരിമലയിലേക്കുള്ള പ്രധാന പാതകളാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെയേറെ സാധ്യതയുള്ള പഞ്ചായത്താണ് കറുകച്ചാല്‍. ഗതാഗതമേഖലയില്‍ താരതമ്യേന പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്താണ് കറുകച്ചാല്‍. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണ് കറുകച്ചാല്‍. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. നെത്തല്ലൂര്‍ ദേവീക്ഷേത്രം, ചമ്പക്കര ദേവീക്ഷേത്രം, മാമുണ്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വെട്ടിക്കാവുങ്കള്‍ ശിവക്ഷേത്രം, കറുകച്ചാല്‍ ധര്‍മ്മശാസ്താക്ഷേത്രം, ചിറയ്ക്കല്‍ ദേവിക്ഷേത്രം തുടങ്ങിയ ഹൈന്ദവക്ഷേത്രങ്ങളും, സെന്റ് മേരീസ് കുഗ്രപ്പിള്ളി, സെന്റ് ജോസഫ് ചമ്പക്കര തുടങ്ങിയ ക്രിസ്ത്യന്‍ പള്ളികളും, കറുകച്ചാല്‍ മുസ്ളീം പള്ളിയുമാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. കുഗ്രപ്പിള്ളി സെന്റ് മേരീസ് ചര്‍ച്ച്, പനയസാല സി.എം.എസ്, സി.എസ്.ഐ ഓര്‍ത്തഡോകസ് പള്ളികള്‍, കറുകച്ചാല്‍ ജുമാമസ്ജിദ് ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ആറാട്ട്, കുംഭകുടം ഉത്സവം, തിരുനാള്‍ എന്നീ ഉത്സവാഘോഷങ്ങള്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. സി.വി.എന്‍ കളരി സ്ഥാപകനായ കളരിഗുരുക്കള്‍ ഈ നാട്ടുകാരനാണ്. മൂന്നു ഗ്രന്ഥശാലകളും, പഞ്ചായത്ത് ലൈബ്രറി ഉള്‍പ്പെടെ രണ്ടു പൊതുവായനശാലകളും പഞ്ചായത്തിലുണ്ട്. 1942-ല്‍ സ്ഥാപിതമായ പീപ്പിള്‍സ് ലൈബ്രറിയാണ് കറുകച്ചാലിലെ ആദ്യത്തെ സാംസ്കാരിക സ്ഥാപനം. 1914 ഒക്ടോബര്‍ 13-ാം തിയതിയാണ് ഇവിടെ ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായത്.