Operation Toofan 2.0

ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിവിമുക്ത സമൂഹത്തിനായി ജനകീയ മുന്നേറ്റം

കേരള പോലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ, ലഹരി വിതരണ ശൃംഖലകൾ തകർക്കുന്നതിനും സംഘടിത ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. നിയമപാലന നടപടികൾക്കൊപ്പം ലഹരിയുടെ ഉപയോഗം കുറയ്ക്കുക, യുവജനങ്ങളെയും കുട്ടികളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നിവയ്ക്കും പ്രാധാന്യം നൽകുന്നതാണ് രണ്ടാം ഘട്ടമായ ഓപ്പറേഷൻ തൂഫാൻ 2.0.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, യുവജനകാര്യ വകുപ്പ് തുടങ്ങിയ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ വാർഡുകൾ, വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

  • ലഹരി ഉപയോഗത്തിനും വിതരണത്തിനുമെതിരെ ശക്തമായ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുക.
  • കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക.
  • ലഹരി ഉപയോഗത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുള്ളവരെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുക.
  • ലഹരിക്ക് അടിമപ്പെട്ടവർക്ക് കൗൺസിലിംഗ്, ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പാക്കുക.
  • ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുക.

ബോധവൽക്കരണ പ്രവർത്തനങ്ങൾ

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നൽകുക, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്ലാസുകളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കുക, വാർഡുതല ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ലഹരിവിരുദ്ധ സന്ദേശങ്ങൾ വീടുകളിലെത്തിക്കുക, ആവശ്യമായവർക്ക് കൗൺസിലിംഗും ചികിത്സാ സഹായവും ലഭ്യമാക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.


കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026-ന് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണം കറുകച്ചാൽ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രദർശിപ്പിച്ചു. തുടർന്ന് കറുകച്ചാൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മാത്യൂ ജോൺ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പതാക ഉയർത്തലും നടന്നു. കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജയമോൾ ടോമി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ, ആദ്യഘട്ടത്തിലെ നേട്ടങ്ങൾ, രണ്ടാംഘട്ടത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ വിശദമായ അവതരണവും നടത്തി.

ചടങ്ങിലെ പ്രധാന ദൃശ്യങ്ങൾ

ലഹരിയോട് നോ പറയാം... ജീവിതത്തോട് ചേർന്നുനിൽക്കാം!

കറുകച്ചാൽ ഗ്രാമപഞ്ചായത്ത്
ലഹരിവിമുക്ത നാടിനായി നമുക്കൊന്നിച്ച് കൈകോർക്കാം.